03 July, 2014

ഒച്ചപ്പാടിന്‍റെ മൗനം

എഴുതാന്‍ ഒന്നുമില്ലാതെ, എന്തെങ്കിലും എഴുതിക്കളയാം എന്ന് വിചാരിചിരിക്കുമ്പോള്‍ തോന്നും എന്തിനെഴുതണം
  ആര്‍ക്കെഴുതണം എന്തിനെ പറ്റി എഴുതണം എന്ന്. എഴുതാന്‍ ഒന്നുമില്ലാത്തതല്ല പ്രശ്നം, വിഷയങ്ങളുടെ ആധിക്യമാണ്. എം.ടി.യെയും ഡാന്‍ ബ്രൌണ്‍-നെയും സി.വി.രാമന്‍പിള്ളയെയും വായിച്ചപ്പോള്‍ തോന്നി ഒരു നോവലെഴുത്താമെന്ന്. വില്ല്യം ബ്ലൈക്കിന്‍റെയും സില്‍വിയ പ്ലാത്തിന്‍റെയും സുഗതകുമാരിയുടെയും കവിതകളിലൂടെ പോയപ്പോള്‍ ഒരു കവിത എഴുതാനാണ് ആഗ്രഹിച്ചത്‌. ബെര്‍ട്രാന്‍റ് റസ്സലിന്‍റെ ചിന്തകളിലൂടെ കണ്ണോടിച്ചപ്പോള്‍ വെറുതെ എന്തെങ്കിലും ചിന്തിച്ചിരിക്കാം എന്നും തോന്നി.

പക്ഷെ അതിലെന്ത് കാര്യം. അദ്ധേഹത്തിന്‍റെ ചിന്തകളും തത്വങ്ങളും അഭിനന്തിക്കാനല്ലാതെ സമാനാശയങ്ങള്‍ ചിന്തിച്ചെടുക്കാന്‍ മാത്രം ബോധമുണ്ടായിരുന്നെങ്കില്‍ എന്നെ  ബോധാമില്ലാത്തവന്‍ എന്ന് പലരും വിളിക്കുമായിരുന്നില്ലല്ലോ?

 പറഞ്ഞു വന്നപ്പോള്‍ ഇതൊരു മാതിരി ഒലിവെര്‍ ട്വിസ്റ്റിലെ ഒലിവെര്‍ ട്വിസ്റ്റിനെ പോലെയായി.. തന്നതിത്തിരി അധികം ചോദിച്ചതാണ് അവനു പറ്റിയ തെറ്റ്. പറഞ്ഞു വന്നത് എന്താണെന്നു വച്ചാല്‍ എഴുതാന്‍ ഒരുപാടുണ്ട് പക്ഷെ ഒന്നും എഴുതാന്‍ പറ്റുന്നില്ല . അര മണിക്കൂറത്തെ ശ്രമത്തിനു ശേഷവും ഒന്നും എഴുതാന്‍ കഴിയാതെ വന്നപ്പോള്‍ തൂലിക വച്ച് കീഴടങ്ങുകയായിരുന്നു.

ചുമരിലെ കണ്ണാടിയില്‍, എഴുതാന്‍ കഴിയാതെ വിമ്മിഷ്ടപ്പെടുന്ന എഴുത്തുകാരന്‍റെ ചിത്ത്രം ഒരു ബിനാലെ ഇന്‍സ്റ്റലെഷന്‍ എന്ന വണ്ണം നിശ്ചലം നില്‍ക്കുന്നത് പിന്നീടാണ് ശ്രദ്ധിച്ചത്......



എന്‍റെ ഒരു നിയമ-പിരീഡ്

ഒരു തണുത്ത കാറ്റ് വീശുന്നുണ്ട്.നല്ല തണുപ്പും. വല്ലാത്ത ഒരു നിശബ്ദത. ആര്‍ക്കും ഒന്നും പറയാനില്ല. പറയാന്‍ തക്കതായ ഒന്നും എന്‍റെ മനസിലും വരുന്നില്ല.ഇന്ന് കെട്ടിയൊരുങ്ങി പുറപ്പെട്ടത്‌ മണ്ടത്തരമായിപ്പോയി. ഇന്നിനി രണ്ടു പിരീഡ് നിയമപഠനമാണ്. നിയമം. ഉറക്കം വരാന്‍ മറ്റൊന്നും വേണ്ട!! കണ്ണടഞ്ഞു തുടങ്ങുകയാണ് എന്ന് തോന്നിയപ്പോള്‍ ഞാന്‍ ഒന്ന് എനീട്ടുനിന്നു. സാറ് കണ്ടിട്ടില്ല. മൂപ്പര്‍ നിയമം തകര്‍ക്കുകയാണ്. ഞാന്‍ ഇരുന്നു. എന്തിനെയെങ്കിലും പറ്റി ചിന്തിച്ചിരിക്കാം , അതല്ലേല്‍ ഉറക്കം വരും.

കുറേശെയായി സംസാരങ്ങള്‍ കേട്ടുതുടങ്ങിയിരിക്കുന്നു. എല്ലാവര്‍ക്കും ബോറടിച്ചു തുടങ്ങിയെന്നു സ്പഷ്ടം. എനിക്ക് പക്ഷെ ദേഷ്യമാണ് വന്നത്. ഇത് മൂപ്പരുടെ പിരീഡോന്നുമല്ല. ഒരു ഗ്യാപ്പ് കണ്ടപ്പോ കേറിപ്പോന്നതാ. ശരിക്ക് അക്കൌണ്ടന്‍സി പിരീഡാണ്. ജേര്‍ണലും ലെഡ്ജരും ബാലന്‍സ് ഷീറ്റും വരച്ചിരിക്കുമ്പോള്‍ ബോറടിക്കില്ല. നിയമം അങ്ങനയല്ല. ഇത് ഒരുമാതിരി അവാര്‍ഡ്‌ പടം പോലെ നീങ്ങി നിരങ്ങി അങ്ങന പതുക്കെ പതുക്കെ..


   ഞാന്‍ പുറത്തേക്കു നോക്കി. ഈ വലിയ ക്ലാസ്സിലേക്ക് എത്തിച്ചേരാനുള്ള കോണിയാണ് ജനലിനപ്പുരത്ത്. ചുമരില്‍ ചില ക്ലബ്കളുടെ പോസ്ടരുകളും മറ്റും ഒട്ടിച്ചിട്ടുണ്ട്. കോരിച്ചൊരിഞ്ഞ മഴക്കുശേഷം ഇടയ്ക്കിടെ ഉറ്റുന്ന വെള്ളത്തുള്ളികള്‍ പോലെ ഇടയ്ക്കിടെ ചില പിള്ളേര്‍ സ്റ്റെപ്പുകള്‍ ഇറങ്ങുകയും മറ്റു ചിലര്‍ കയറുകയും ചെയ്യുന്നുണ്ട്. അവര്‍ പല തരത്തിലും കോലത്തിലും ഉണ്ട് . ഉയരം കൂടിയ തോട്ടികള്‍, തടിയന്മാര്‍, സുന്ദരികള്‍ സുന്ദരന്മാര്‍ അങ്ങനെ പലജാതി പിള്ളേര്‍....

കോണിയോടു ചേര്‍ന്ന് പുറത്തുള്ളത് ഒന്നാം കൊല്ലക്കാരുടെ ക്ലാസ്സാണ്. നവാഗതരല്ലേ വെറുതെ വിട്ടു കളയാം..., അവിടെയും വലിയ വ്യത്യാസമൊന്നും തോന്നുന്നില്ല. മഹാനോരുവാന്‍ ചുമരും ചാരി ഉറക്കം വരെ തുടങ്ങിയിട്ടുണ്ട്.






ഇവിടെ നിയമം വില്‍ക്കല്‍ വാങ്ങലുകളുടെ അനന്തവശങ്ങളെ പറ്റി ചര്‍ച്ചയാണ്.  തണുപ്പും കാലാവസ്ഥയും പിന്നെ നിയമത്തിന്‍റെ വിരസതയും കൂടി ആയപ്പോ എനിക്കും ഉറക്കം വന്നു തുടങ്ങി.... ഉറങ്ങരുത് ഞാന്‍ എന്നോട് ഉപദേശിച്ചുകൊണ്ടിരുന്നു. എവട.. ഇതല്ല ഇതിന്‍റപ്പറം സംഭവിച്ചിട്ടു മൈന്‍റു ചെയ്തിട്ടില്ല പിന്നെയാ...! ഏറി വന്നാല്‍ മൂന്ന്‍ മിനിറ്റ്, ഞാന്‍ കൂര്‍ക്കംവലി തുടങ്ങി.. (ആ നിശബ്ദതയില്‍ എന്‍റെ കൂര്‍ക്കം വലി വേറിട്ട്‌ നിന്നെന്നു പിന്നീടൊരുവാന്‍ പ്രശംസിക്കുകയുണ്ടായി.)

പുറത്തൊരടിവീണപ്പോഴാണ് ബോധം തെളിഞ്ഞത്... ആ ക്ലാസ്സിലെ എല്ലാ നേത്രങ്ങളും എന്നെ ഉറ്റു നോക്കുന്നു... പിന്നെ ഒരു കൂട്ടച്ചിരി.... അതില്‍ പിന്നെ മൂന്നാല് ദിവസത്തേക്ക് ഞാന്‍ ലീവായിരുന്നു.. ഫയങ്കര പനിയും മേലുവേദനയും.. (സത്യം നമുക്കല്ലേ അറിയൂ ഛെ! നാണക്കേട്). അതില്‍പ്പിന്നെ ഒരു പിരീഡും ഉറക്കം തൂങ്ങാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു പോന്നു..!!!

വീണ്ടുമൊരു പരീക്ഷ

ഞാന്‍ ഒരഹങ്കാരിയാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു
 വിശകലനവും പറയേണ്ടതില്ലാത്ത സാഹചര്യങ്ങളില്‍ പോലും
ഞാന്‍ എന്തോ തിരഞ്ഞുകൊണ്ടിരിക്കയാണ്. ലക്ഷ്യമെന്ത് എന്നറിയാത്ത
 ഈ യാത്രയുടെ ലക്‌ഷ്യം തന്നെ ലക്ഷ്യമില്ലായ്കയാണ് എന്ന് ഒരാള്‍ സമര്‍ത്ഥിച്ചാല്‍ അനുകൂലിക്കാതെ വയ്യ. ഊക്കരിയാതെ തുള്ളിയാല്‍
ഊര രണ്ടു തുണ്ടം എന്നൊരു ചൊല്ലുണ്ട് മലബാറില്‍. ആറാം സെമസ്റ്റര്‍ ബി.കോം പരീക്ഷക്ക്‌ തയ്യാറാവുമ്പോള്‍ ഈ ഒരു പ്രതീതിയാണ്.
കണക്കില്‍ കണക്കാണെന്നറിഞ്ഞിട്ടുംഎന്തിനീ കുന്തം പഠിക്കാനിറങ്ങി
എന്ന് ഓര്‍ത്തെടുക്കുമ്പോള്‍ തമാശ തോന്നുന്നു. തലയില്‍ ഒരു വലിയ
 ഭാണ്ഡവും പേറി ഹിമാലയത്തിലേക്ക് നടന്നു ചെന്നിട്ട് ഇനിയെന്ത് എന്ന് കൊട്ടുവായിടുന്ന അവസ്ഥ.



മുന്‍പില്‍ വലിയ മലയാണ്. ഗംഗയും സിന്ധുവും ശിവനും പാര്‍വതിയും ഏറെ അറിഞ്ഞിട്ടുള്ള വലിയ മല. എങ്ങനെയോ ഇവിടം വരെ എത്തി. ഗംഗയില്‍ മുങ്ങിക്കുളിക്കാന്‍ ഇറങ്ങിയതാണ് പക്ഷെ ഹിമവാനെ കാണാനായിരുന്നു മോഹം. വന്നടുതപ്പോള്‍ എന്തിനീ വഴിയത്രയും താണ്ടിയെന്നായി ചിന്ത.
കാറ്റിനു പോലും മരവിക്കുന്ന തണുപ്പാണ്.. മരിച്ചതെല്ലാം പിന്നെ
തണുത്തു വരും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.. കാറ്റ് മരിച്ചതായിരിക്കുമോ .....?? 

25 April, 2014

പ്രമോഷന്‍

            ഭാര്യ പിണങ്ങി പോയി. മകന്‍റെ കാലോടിഞ്ഞുകിടക്കുന്നു. വാടക ഇനിയും അടച്ചിട്ടില്ല. നികുതിയും കരണ്ടുബില്ലും മറ്റും കുടിശ്ശികയായി തുടങ്ങിയിരിക്കുന്നു. അഞ്ച് വര്‍ഷമായി അവിടെ പണി ചെയ്യുന്നു പക്ഷെ ഇനിയും ഒരു ശമ്പളക്കയറ്റം ഉണ്ടായിട്ടില്ല. അയാള്‍ നെടുവീര്‍പ്പിട്ടുകൊണ്ട് വീടുവിട്ടിറങ്ങി. മോന്‍ ഇനിയും എഴുന്നേല്‍ട്ടിട്ടില്ല. അയാള്‍ നടന്നു.

    ഒഫീസിലെത്തിയപ്പോള്‍ മേശപ്പുറത്ത് ഒരായിരം ഫയലുകള്‍ മുഴച്ച് നില്‍ക്കുന്നുണ്ടായിരുന്നു. വിളിവന്നു. ഉടന്‍ മുതലാളിയെ കാണണം. കാബിനിലേക്ക് നടന്നു. ശീതീകരിച്ച മുറിയില്‍ 'സീസറേ'യും 'ഡ്രിങ്കി'കൊണ്ടിരുന്ന മുതലാളി രോഷാകുലനായിരുന്നു.... കാക്കതോള്ളായിരം കാരണങ്ങള്‍ പറഞ്ഞ് അയാള്‍ തട്ടിക്കയറി.നമ്മുടെ കഥാപാത്രം ഒന്നും പറഞ്ഞില്ല. അയാളുടെ ചെവിയിലേക്ക് വന്നലച്ച മദ്യത്തിന്‍റെ 'സ്മെല്‍' അയാളെ ഉന്മത്തനാക്കിയതുമില്ല. അഞ്ച് വര്‍ഷത്തെ ദേഷ്യം ഒരുമിച്ചു പുറത്തു ചാടിയ ഒരു സന്ദര്‍ഭത്തിലയാള്‍  മുതലാളിയോട് തന്‍റെ വലതുകയ്യിലെ നടുവിരല്‍ ഉയര്‍ത്തിക്കാട്ടി ഇറങ്ങിനടന്നു.........


         

22 April, 2014

ബോറടിക്കുന്നു

പണ്ട് പണ്ട് വളരെ പണ്ട്‌. കുറെ കാലങ്ങള്‍ക്കു മുമ്പ്. രാജാക്കന്മാര്‍ക്കും നാടുവാഴിത്തത്തിനും മുമ്പ്. രണ്ടാം ലോകമഹായുദ്ധവും ഒന്നാം ലോകമഹായുദ്ധവും അരങ്ങേരുന്നതിന്നും മുമ്പ് . റോമിയോയുടെയും ജൂളിയറ്റിന്‍റെയും കഥകള്‍ക് മുമ്പ്. സ്വര്‍ഗനരകങ്ങള്‍ നിര്‍മിക്കപെടും മുമ്പ്. ഭൂമി ഉണ്ടാവുന്നതിന്‍റെ തൊട്ടു മുമ്പ്.

   മൂന്ന് 'സാധനങ്ങള്‍' കണ്ടുമുട്ടി. അവര്‍ മനുഷ്യര്‍ ആയിരുന്നില്ല. ദൈവങ്ങളും ആയിരുന്നില്ല. പക്ഷെ അവര്‍ക്കു ജീവനുണ്ടായിരുന്നു. കണ്ണില്‍ കരുണയും ഹൃദയത്തില്‍ ക്രൂരതയും ഉണ്ടായിരുന്നു.

 അതിലൊരുവന്‍ പറഞ്ഞു...
"  ഈ അഗാതമായ ശൂന്യത എന്നെ ബോറടിപ്പിക്കുന്നു..... ഞാനൊരു പൊട്ടിത്തെറികുള്ള വട്ടം കൂട്ടുകയാണ്..."

രണ്ടാമന്‍: "അത് വളരെ രസകരമായി തോന്നുന്നു , ഞാന്‍ കുറെ ചലിക്കുന്ന ഗോളങ്ങളും പ്രകാശിക്കുന്ന തീക്കുണ്ഡങ്ങളും ഉണ്ടാക്കാന്‍ ഒരുങ്ങുകയാണ്..."

  മൂന്നാമന്‍ വളരെ കാര്യമായി ചിന്തിച്ചു കൊണ്ടിരിക്കെ , ഇരുവരും ചോദിച്ചു.
"നേതാവേ ഞങ്ങളെക്കാള്‍ ബുദ്ധിയുള്ളത് അങ്ങേക്കാണല്ലോ..... എന്താണ് ചിന്തിക്കുന്നത്..?"

  "ഞാന്‍ നിങ്ങളുടെ നീക്കങ്ങള്‍ അവലോകനം ചെയ്യുകയായിരുന്നു നമ്മള്‍ ഈ ഇരുട്ടിന്‍റെ, ശൂന്യതയുടെ അരികു ചേര്‍ന്ന് നിന്നാല്‍ കാര്യങ്ങള്‍ 'ബോറടി' തന്നെ.

 അദ്ദേഹം ഒന്നാമാനോടായി പറഞ്ഞു "നിന്‍റെ തീരുമാനം നീ നടപ്പിലാക്കൂ .. നിന്‍റെ സ്ഫോടനത്തിനു ഈ ഇരുട്ടിനെ വെളിച്ചമാക്കാന്‍ സാധിക്കുമെങ്കില്‍...."

 പിന്നീട് രണ്ടാമനോടായി പറഞ്ഞു "ചലിക്കുന്ന ഗോളങ്ങളും പ്രകാശിക്കുന്ന തീക്കുണ്ഡങ്ങളും വളരെ നല്ല ആശയം തന്നെ...പക്ഷെ ഇത്ര മാത്രം മതിയോ "

 ഇരുവരോടുമായി:"ഇവയെല്ലാം നൈമിഷികങ്ങളായ കണ്ണുമൂടല്‍ മാത്രമാണ്. ഒരു പൊട്ടിത്തെറിയും കുറച്ചു കൊത്തുപണിയും കഴിഞ്ഞാല്‍..... പിന്നെയും ആ വിറങ്ങലിച്ച സത്യം തിരിച്ചുവരും . ഒരായിരം തവണ തല്ലി ഓടിച്ചാലും മടങ്ങിവരത്തക്കതായ ഒന്നാണത്‌.'ബോറടി'. അതുകൊണ്ട് നമുക്കെന്തെങ്കിലും പുതിയതു കണ്ടുപിടിക്കണം.

  അവര്‍ മൂവരും വര്‍ഷങ്ങളോളം മൌനം പാലിച്ചിരുന്നു. മൂവരും ചിന്തിച്ചു ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം... ഓരോരുത്തരും ഓരോ തീരുമാനങ്ങളിലെത്തി. പിന്നീട് അവര്‍ തമ്മില്‍ സംസാരിച്ചില്ല. ഒന്നാമന്‍ തന്‍റെ കഴിവുകള്‍ മുഴുവനും ഉപയോഗിച്ച് ഒരു തീപെട്ടിയുണ്ടാക്കി;കത്തിച്ചു . ഭൂം .!!! വലിയൊരു സ്ഫോടനം...

 ഉടന്‍ തന്നെ രണ്ടാമന്‍ കളിമണ്ണും സിമന്‍റും വാര്‍ക്ക കമ്പിയുമുപയോഗിച്ച് ഗോളങ്ങളുടെ പണി തുടങ്ങി...

  ഇനി മൂന്നാമന്‍റെ ഊഴമാണ്. അവന്‍ ആലോചിച്ചു. ഈ രണ്ടു മണ്ടന്മാരെക്കാളും വ്യത്യസ്തമായി എന്തെങ്കിലും ഉണ്ടാക്കണം. എന്താണ് ഉണ്ടാകേണ്ടത് ?? അയാള്‍ ഗൂഗിളില്‍ തിരഞ്ഞു നോക്കി.. പുതുമയുള്ളതൊന്നും കാണാനില്ല> പെട്ടെന്ന് അത് വഴി കടന്നു പോകാനിടയായ സാത്താന്‍ അവന്റെ ഹൃദയത്തിലെ കറുപ്പ് കണ്ടു. സാത്താന്‍ അവനോടു പറഞ്ഞു;

  "നീ മനുഷ്യരെ ഉണ്ടാക്ക്. നിന്‍റെ കുറേകാലമായുള്ള ചിന്തയും പ്ലാന്നിങ്ങുകളും എനിക്ക് മനസിലാക്കാന്‍ സാധിക്കും. ഞാന്‍ അവരെ ഗോത്രങ്ങലായും വംശങ്ങളായും തിരിക്കാം. മതങ്ങളായും ദേശങ്ങളായും വര്‍ണ്ണങ്ങളായും വ്യത്യസ്തപെടുത്താം....
എന്നിട്ടവരെ തമ്മിലടിപ്പിക്കാം... മനക്കരുത്തും വാളും കൊടുത്തു രക്തം ചിന്തിക്കാം.

       ഞാനിതു ചെയ്യുമ്പോള്‍ നീ എന്നെ തടയാന്‍ ശ്രമിക്കണം. അതായതു നമുക്ക്‌ നല്ലൊരു ചെസ്സ് കളി തുടങ്ങാം... അവര്‍ രണ്ടുപേരും ഇരുപതു വെള്ളികാഷിനു ബെറ്റ് വെക്കട്ടെ. ആര് ജയിക്കുമെന്ന് നോക്കാം........"

  ആ തീരുമാനം മൂന്നാമന്‍ രണ്ടാമതൊന്നാലോചിക്കാതെ നടപ്പില്‍ വരുത്തി . അങ്ങനെ സ്വര്‍ഗ്ഗവും നരകവും ഉണ്ടായി, ഭൂമിയുണ്ടായി, മനുഷ്യരുണ്ടായി.., സാഹിത്യമുണ്ടായി., ഷൈക്സ്പിയറുണ്ടായി., റോമിയോയും ജൂലിയറ്റുമുണ്ടായി, ഒന്നും രണ്ടും ലോക മഹായുദ്ധങ്ങലുണ്ടായി. കൊളനിവല്‍കരണത്തിന് പിന്നോടിയായി ആഗോളവല്‍ക്കരണവും, സുനാമിയും, ആഗോളമാന്ദ്യവും ഉണ്ടായി.

    അവരിരുവരും കളി തുടര്‍ന്നു. തന്ത്രപരമായ നീക്കങ്ങളിലൂടെ സാത്താന്‍ ഒരു പിടി മുന്നിട്ടു നിന്നു. പക്ഷെ മൂന്നാമന്‍ ഒരു ചെക്ക്മേറ്റിനുള്ള സ്ട്രാറ്റെജി മെനയുകയാണ്. മറ്റെല്ലാത്തിനെ പറ്റിയും അവര്‍ മറന്നു. കളി തകര്‍ത്താടി. മറ്റു രണ്ടുപേരും ഇരുപത് വെള്ളിക്കാഷ് ബെറ്റ്‌ വച്ച് കാത്തിരുന്നു ആരു ജയിക്കും ...???



( വാല്‍കഷണം:
" എന്തിനിങ്ങനെ പകലന്തിയാവുന്നു നിത്യം
  മുഷിയുന്നില്ലേ നിങ്ങള്ക്കെന്നു
  ഞാന്‍ ചോദിക്കുമ്പോള്‍
  മുഷിയുന്നത് നിങ്ങള്‍ക്കാണ്
  നങ്ങല്‍ക്കല്ലെന്നു മറുപടി "
           - അയ്യപ്പ പണിക്കര്‍ )