25 April, 2014

പ്രമോഷന്‍

            ഭാര്യ പിണങ്ങി പോയി. മകന്‍റെ കാലോടിഞ്ഞുകിടക്കുന്നു. വാടക ഇനിയും അടച്ചിട്ടില്ല. നികുതിയും കരണ്ടുബില്ലും മറ്റും കുടിശ്ശികയായി തുടങ്ങിയിരിക്കുന്നു. അഞ്ച് വര്‍ഷമായി അവിടെ പണി ചെയ്യുന്നു പക്ഷെ ഇനിയും ഒരു ശമ്പളക്കയറ്റം ഉണ്ടായിട്ടില്ല. അയാള്‍ നെടുവീര്‍പ്പിട്ടുകൊണ്ട് വീടുവിട്ടിറങ്ങി. മോന്‍ ഇനിയും എഴുന്നേല്‍ട്ടിട്ടില്ല. അയാള്‍ നടന്നു.

    ഒഫീസിലെത്തിയപ്പോള്‍ മേശപ്പുറത്ത് ഒരായിരം ഫയലുകള്‍ മുഴച്ച് നില്‍ക്കുന്നുണ്ടായിരുന്നു. വിളിവന്നു. ഉടന്‍ മുതലാളിയെ കാണണം. കാബിനിലേക്ക് നടന്നു. ശീതീകരിച്ച മുറിയില്‍ 'സീസറേ'യും 'ഡ്രിങ്കി'കൊണ്ടിരുന്ന മുതലാളി രോഷാകുലനായിരുന്നു.... കാക്കതോള്ളായിരം കാരണങ്ങള്‍ പറഞ്ഞ് അയാള്‍ തട്ടിക്കയറി.നമ്മുടെ കഥാപാത്രം ഒന്നും പറഞ്ഞില്ല. അയാളുടെ ചെവിയിലേക്ക് വന്നലച്ച മദ്യത്തിന്‍റെ 'സ്മെല്‍' അയാളെ ഉന്മത്തനാക്കിയതുമില്ല. അഞ്ച് വര്‍ഷത്തെ ദേഷ്യം ഒരുമിച്ചു പുറത്തു ചാടിയ ഒരു സന്ദര്‍ഭത്തിലയാള്‍  മുതലാളിയോട് തന്‍റെ വലതുകയ്യിലെ നടുവിരല്‍ ഉയര്‍ത്തിക്കാട്ടി ഇറങ്ങിനടന്നു.........


         

22 April, 2014

ബോറടിക്കുന്നു

പണ്ട് പണ്ട് വളരെ പണ്ട്‌. കുറെ കാലങ്ങള്‍ക്കു മുമ്പ്. രാജാക്കന്മാര്‍ക്കും നാടുവാഴിത്തത്തിനും മുമ്പ്. രണ്ടാം ലോകമഹായുദ്ധവും ഒന്നാം ലോകമഹായുദ്ധവും അരങ്ങേരുന്നതിന്നും മുമ്പ് . റോമിയോയുടെയും ജൂളിയറ്റിന്‍റെയും കഥകള്‍ക് മുമ്പ്. സ്വര്‍ഗനരകങ്ങള്‍ നിര്‍മിക്കപെടും മുമ്പ്. ഭൂമി ഉണ്ടാവുന്നതിന്‍റെ തൊട്ടു മുമ്പ്.

   മൂന്ന് 'സാധനങ്ങള്‍' കണ്ടുമുട്ടി. അവര്‍ മനുഷ്യര്‍ ആയിരുന്നില്ല. ദൈവങ്ങളും ആയിരുന്നില്ല. പക്ഷെ അവര്‍ക്കു ജീവനുണ്ടായിരുന്നു. കണ്ണില്‍ കരുണയും ഹൃദയത്തില്‍ ക്രൂരതയും ഉണ്ടായിരുന്നു.

 അതിലൊരുവന്‍ പറഞ്ഞു...
"  ഈ അഗാതമായ ശൂന്യത എന്നെ ബോറടിപ്പിക്കുന്നു..... ഞാനൊരു പൊട്ടിത്തെറികുള്ള വട്ടം കൂട്ടുകയാണ്..."

രണ്ടാമന്‍: "അത് വളരെ രസകരമായി തോന്നുന്നു , ഞാന്‍ കുറെ ചലിക്കുന്ന ഗോളങ്ങളും പ്രകാശിക്കുന്ന തീക്കുണ്ഡങ്ങളും ഉണ്ടാക്കാന്‍ ഒരുങ്ങുകയാണ്..."

  മൂന്നാമന്‍ വളരെ കാര്യമായി ചിന്തിച്ചു കൊണ്ടിരിക്കെ , ഇരുവരും ചോദിച്ചു.
"നേതാവേ ഞങ്ങളെക്കാള്‍ ബുദ്ധിയുള്ളത് അങ്ങേക്കാണല്ലോ..... എന്താണ് ചിന്തിക്കുന്നത്..?"

  "ഞാന്‍ നിങ്ങളുടെ നീക്കങ്ങള്‍ അവലോകനം ചെയ്യുകയായിരുന്നു നമ്മള്‍ ഈ ഇരുട്ടിന്‍റെ, ശൂന്യതയുടെ അരികു ചേര്‍ന്ന് നിന്നാല്‍ കാര്യങ്ങള്‍ 'ബോറടി' തന്നെ.

 അദ്ദേഹം ഒന്നാമാനോടായി പറഞ്ഞു "നിന്‍റെ തീരുമാനം നീ നടപ്പിലാക്കൂ .. നിന്‍റെ സ്ഫോടനത്തിനു ഈ ഇരുട്ടിനെ വെളിച്ചമാക്കാന്‍ സാധിക്കുമെങ്കില്‍...."

 പിന്നീട് രണ്ടാമനോടായി പറഞ്ഞു "ചലിക്കുന്ന ഗോളങ്ങളും പ്രകാശിക്കുന്ന തീക്കുണ്ഡങ്ങളും വളരെ നല്ല ആശയം തന്നെ...പക്ഷെ ഇത്ര മാത്രം മതിയോ "

 ഇരുവരോടുമായി:"ഇവയെല്ലാം നൈമിഷികങ്ങളായ കണ്ണുമൂടല്‍ മാത്രമാണ്. ഒരു പൊട്ടിത്തെറിയും കുറച്ചു കൊത്തുപണിയും കഴിഞ്ഞാല്‍..... പിന്നെയും ആ വിറങ്ങലിച്ച സത്യം തിരിച്ചുവരും . ഒരായിരം തവണ തല്ലി ഓടിച്ചാലും മടങ്ങിവരത്തക്കതായ ഒന്നാണത്‌.'ബോറടി'. അതുകൊണ്ട് നമുക്കെന്തെങ്കിലും പുതിയതു കണ്ടുപിടിക്കണം.

  അവര്‍ മൂവരും വര്‍ഷങ്ങളോളം മൌനം പാലിച്ചിരുന്നു. മൂവരും ചിന്തിച്ചു ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം... ഓരോരുത്തരും ഓരോ തീരുമാനങ്ങളിലെത്തി. പിന്നീട് അവര്‍ തമ്മില്‍ സംസാരിച്ചില്ല. ഒന്നാമന്‍ തന്‍റെ കഴിവുകള്‍ മുഴുവനും ഉപയോഗിച്ച് ഒരു തീപെട്ടിയുണ്ടാക്കി;കത്തിച്ചു . ഭൂം .!!! വലിയൊരു സ്ഫോടനം...

 ഉടന്‍ തന്നെ രണ്ടാമന്‍ കളിമണ്ണും സിമന്‍റും വാര്‍ക്ക കമ്പിയുമുപയോഗിച്ച് ഗോളങ്ങളുടെ പണി തുടങ്ങി...

  ഇനി മൂന്നാമന്‍റെ ഊഴമാണ്. അവന്‍ ആലോചിച്ചു. ഈ രണ്ടു മണ്ടന്മാരെക്കാളും വ്യത്യസ്തമായി എന്തെങ്കിലും ഉണ്ടാക്കണം. എന്താണ് ഉണ്ടാകേണ്ടത് ?? അയാള്‍ ഗൂഗിളില്‍ തിരഞ്ഞു നോക്കി.. പുതുമയുള്ളതൊന്നും കാണാനില്ല> പെട്ടെന്ന് അത് വഴി കടന്നു പോകാനിടയായ സാത്താന്‍ അവന്റെ ഹൃദയത്തിലെ കറുപ്പ് കണ്ടു. സാത്താന്‍ അവനോടു പറഞ്ഞു;

  "നീ മനുഷ്യരെ ഉണ്ടാക്ക്. നിന്‍റെ കുറേകാലമായുള്ള ചിന്തയും പ്ലാന്നിങ്ങുകളും എനിക്ക് മനസിലാക്കാന്‍ സാധിക്കും. ഞാന്‍ അവരെ ഗോത്രങ്ങലായും വംശങ്ങളായും തിരിക്കാം. മതങ്ങളായും ദേശങ്ങളായും വര്‍ണ്ണങ്ങളായും വ്യത്യസ്തപെടുത്താം....
എന്നിട്ടവരെ തമ്മിലടിപ്പിക്കാം... മനക്കരുത്തും വാളും കൊടുത്തു രക്തം ചിന്തിക്കാം.

       ഞാനിതു ചെയ്യുമ്പോള്‍ നീ എന്നെ തടയാന്‍ ശ്രമിക്കണം. അതായതു നമുക്ക്‌ നല്ലൊരു ചെസ്സ് കളി തുടങ്ങാം... അവര്‍ രണ്ടുപേരും ഇരുപതു വെള്ളികാഷിനു ബെറ്റ് വെക്കട്ടെ. ആര് ജയിക്കുമെന്ന് നോക്കാം........"

  ആ തീരുമാനം മൂന്നാമന്‍ രണ്ടാമതൊന്നാലോചിക്കാതെ നടപ്പില്‍ വരുത്തി . അങ്ങനെ സ്വര്‍ഗ്ഗവും നരകവും ഉണ്ടായി, ഭൂമിയുണ്ടായി, മനുഷ്യരുണ്ടായി.., സാഹിത്യമുണ്ടായി., ഷൈക്സ്പിയറുണ്ടായി., റോമിയോയും ജൂലിയറ്റുമുണ്ടായി, ഒന്നും രണ്ടും ലോക മഹായുദ്ധങ്ങലുണ്ടായി. കൊളനിവല്‍കരണത്തിന് പിന്നോടിയായി ആഗോളവല്‍ക്കരണവും, സുനാമിയും, ആഗോളമാന്ദ്യവും ഉണ്ടായി.

    അവരിരുവരും കളി തുടര്‍ന്നു. തന്ത്രപരമായ നീക്കങ്ങളിലൂടെ സാത്താന്‍ ഒരു പിടി മുന്നിട്ടു നിന്നു. പക്ഷെ മൂന്നാമന്‍ ഒരു ചെക്ക്മേറ്റിനുള്ള സ്ട്രാറ്റെജി മെനയുകയാണ്. മറ്റെല്ലാത്തിനെ പറ്റിയും അവര്‍ മറന്നു. കളി തകര്‍ത്താടി. മറ്റു രണ്ടുപേരും ഇരുപത് വെള്ളിക്കാഷ് ബെറ്റ്‌ വച്ച് കാത്തിരുന്നു ആരു ജയിക്കും ...???



( വാല്‍കഷണം:
" എന്തിനിങ്ങനെ പകലന്തിയാവുന്നു നിത്യം
  മുഷിയുന്നില്ലേ നിങ്ങള്ക്കെന്നു
  ഞാന്‍ ചോദിക്കുമ്പോള്‍
  മുഷിയുന്നത് നിങ്ങള്‍ക്കാണ്
  നങ്ങല്‍ക്കല്ലെന്നു മറുപടി "
           - അയ്യപ്പ പണിക്കര്‍ )         

21 April, 2014

ഒരു കണ്‍സഷന്‍ കാര്‍ഡും കുറെ നൂലാമാലകളും

 "പണ്ടാരമടങ്ങാന്‍ ഇന്നും വൈകി; ഇനി ആ കൊന്തന്‍റെ വണ്ടിയാവും കിട്ടുക..."

 ഈ പറച്ചില്‍ ഈയിടെയായി പതിവായിട്ടുണ്ട് മോഡല്‍ ബോയ്സ് സ്കൂളീന്ന് ശാസ്ത്രതോടൊരു പടവെട്ടു നടത്തി കഷ്ട്ടി സര്‍വൈവ് ചെയ്തപ്പോയാണ് കോപ്പറേറ്റീവ് കോളജില്‍ ബികോമിന് ചേര്‍ന്നത്‌. എടങ്ങേറ് അല്ലാതെന്തു പറയാന്‍ എലിവാനം കത്തിച്ചു വിട്ടതു പോലെയല്ലേ ബസ്‌ ചാര്‍ജ് കൂട്ടിയത്‌. പത്ത്. പന്ത്രണ്ടായി.... പന്ത്രണ്ട് പതിനാറായി. കേമം തന്നെ. പിന്നെ ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഒരാനുകൂല്യമുണ്ടല്ലോ. കണ്‍സഷന്‍!! മെന കെട്ട പരുപടിയാണ്ട്ട്ടാ....

  എന്‍റെ ഓര്‍മ ശരിയാണെങ്കില്‍ ഒന്നാം ക്ലാസ്സ്‌ മുതലേ ഞാനും ഈ ബൃഹത് സംരഭത്തിലെ മെമ്പറാണ്. അന്ന് പത്തു പൈസയായിരുന്നു .ഇന്ന് പന്ത്രണ്ടു രൂപയുടെ ദൂരത്തിനു രണ്ടു രൂപ.

 "ഓ.... ഇന്ന് പത്രമിട്ടിട്ടുണ്ട്..." സാധാരണ തിങ്കളാഴ്ചകളില്‍ പത്രമിടാന്‍ നുമ്മട ഏജന്‍റിനു മടിയാണ്.( എന്താ കാര്യംന്ന് ആര്‍ക്കറിയാം)

ഞാന്‍ ആ തലക്കെട്ടുകളിലൂടെ ഒന്ന് കണ്ണോടിച്ചു "ങും അമേരിക്കയിലെ സാമ്പത്തിക മാന്ദ്യം വല്ല്യ ഒരു ചതിയാണല്ലോ..."
"സ്വകാര്യ ബസ്സുകള്‍ വീണ്ടും പണി മുടക്കിയേക്കും ;നിരക്ക് വര്‍ധനവിനു സാധ്യത "

  ഇവര്‍ക്കീ തിന്നണതൊന്നും പോരെ?

പെട്ടന്നാണു ബോധോദയം (ഭൂതോദയം എന്നും പറയാം) ഉണ്ടായത്. നേരം വൈകി . എത്രയും പെട്ടന്ന് പുറപ്പെടണം. ഈ നേരത്തെ ബസ്സില്‍ തിരക്കുണ്ടാവൂ. തിരക്കൊഴിഞ്ഞാല്‍ പണിയാണ്. തിരക്കില്ലാത്തപ്പോ കണ്ടക്ടര്‍ കണ്‍സഷന്‍ കാര്‍ഡ്‌ ചോദിക്കും !

"പടച്ചോനാണ അങ്ങനൊരു സാധനം ഞാന്‍ കണ്ടിട്ട് പോലും ഇല്ല ..!"

എല്‍.പി.സ്കൂളില്‍ പഠിക്കണ കാലത്ത്‌ ഇങ്ങനത്തെ കുണ്ടാമണ്ടികളൊന്നും വേണ്ടായിരുന്നു , യു.പി.യിലും. ഇത് രണ്ടും കഴിഞ്ഞു ഹയര്‍ സെക്കണ്ടറിയില്‍ അടവിറക്കണ സമയത്താണ് ആദ്യമായി ഇതിനെ പറ്റി കേള്‍ക്കുന്നത്. പതിവ് പോലെ ഒരു ദിവസം ബസ്സില്‍ കയറിയതാണ്.
 
 മുതുകില്‍ നല്ലൊരു മുതുക്കന്‍  ബാഗുമുണ്ട്. അതിലാകട്ടെ ആസിഡും, ബേസും,കണക്കും ,കാല്‍ക്കുലേറ്ററും പിന്നെ എന്‍റെ തലയും എന്നുവേണ്ട പ്രപഞ്ചത്തിലെ സകലമാന ഭൂതപ്രേതാധികളും ഉണ്ട്.

  ബസ്സില്‍ ആളു കുറവാണ്.സ്കൂള്‍ പിള്ളാര്‌ നാലഞ്ചെണ്ണമുണ്ട്. പറഞിട്ടെന്ത് കാര്യം എല്ലാതും വലിയ ഗമയിലാ. ക്ലാസില്‍ വച്ച് പുതുതായി കേട്ട കണക്കുകള്‍ കൂട്ടിയും കിഴിച്ചും അക്കൂട്ടരങ്ങനെ നില്‍കുന്നു. എനിക്കാണെങ്കില്‍ ഫിസിക്സ് പീരീഡ്‌ കട്ട്‌ ചെയ്ത് സിനിമക്ക്‌ പോയതു പാരയാകുമോ എന്ന പേടിയും.

    ചില്ലറയുടെ കിലുക്കം അടുത്തടുത്ത്‌ വന്നത് ഞാന്‍ ശ്രദ്ധിക്കാന്‍ വിട്ടുപോയി. ആരോ തോണ്ടിയപ്പോഴാണ് ചിന്തകളുടെ അനന്തമായ പരപ്പില്‍ നിന്ന് തിരിച്ചു വന്നത്. തോണ്ടിയത് കണ്ടക്ടരാണ്‌. ഗതികേട് തന്നെ പൈസയെടുത്തു കയ്യില്‍ പിടിക്കാന്‍ മറന്നു പോയിരുന്നു. കണ്ടക്ടര്‍ എന്നെ തുറുപ്പിച്ചു നോക്കി .ഞാന്‍ വേഗം പാന്‍റിന്‍റെ കീശയില്‍ നിന്ന് രണ്ട് ഒറ്റ രൂപകളെടുത്ത് നീട്ടി.

       "എവിടേക്കാ ...?"

   ആദ്യമായിട്ടാണെന്നു തോന്നുന്നു ഒരു കണ്ടക്ടര്‍, സ്കൂള്‍ വിട്ടു വരുമ്പോ എവിടെക്കാണെന്നു ചോദിക്കണത്. ഞാന്‍ പറഞ്ഞു
    "വൈക്കോച്ചിറ...,അ. അല്ല . കനാല്‍. ഹെര്‍ബെര്‍ട്ട് കനാല്‍  "പറഞ്ഞു ശീലമില്ലാഞ്ഞാവും, പണി പാളി.    

 ആരോ എന്നെ നോക്കി കൊഞ്ഞനം കാട്ടിയോ ? ഹേയ്... ഇല്ല . വെറുതെ തോന്നിയതാ.

  "തന്‍റെ കണ്‍സെഷന്‍ കാര്‍ഡെടുക്കെടോ"
മൂപ്പീന്ന് എന്‍റെ തൊട്ടു മുന്നില്‍ നിന്ന ‌ഗൌരവക്കാരനായ ഉണ്ടാക്കണ്ണന്നോട് ആജ്ഞാപിച്ചു. കേട്ടപാതി കേള്‍ക്കാത്തപ്പാതി അതിയാന്‍ ഒരു ചെറിയ ചുവപ്പ് ബുക്കെടുത്തു കാണിച്ചു. കണ്ടക്ടറേമാന്‍ അതിലെന്തോ കുതികുറിക്കുകയും ചെയ്തു . എന്ത് കുന്തമാണാവോ... ഞാന്‍ പുറത്തേക്കു നോക്കി നിന്നു.
  "തന്നോടു ഞാനിനി പ്രത്യേകം പറയണോ ? കാര്‍ഡെടുക്ക് "
 അതെന്നോടാണെന്നു മനസിലായത് ഒരു ഞെട്ടലോടെയാണ്.

  കാര്‍ഡോ? എന്തു കാര്‍ഡ്? ങാ.. ഐഡന്‍റിറ്റി കാര്‍ഡാവും. ഞാന്‍ ബാഗില്‍ തിരഞ്ഞു .ഭാഗ്യം അതവിടെ കിടപ്പുണ്ട് . കണ്ടക്ടര്‍ക്കു വച്ച് നീട്ടി. മൂപ്പരതു വാങ്ങി തിരിച്ചും മറിച്ചും നോക്കി.( മുഖത്തിന്‍റെ കോണിലെവിടെയോ നല്ല ഒരു ഇരയെ ഒത്ത ചെന്നായയുടെ ഭാവം മിന്നിമറയുന്നുണ്ടായിരുന്നോ ?)

   "മോനേ.. ഇതല്ല..,കണ്‍സഷന്‍ കാര്‍ഡ്‌ അതെടുക്ക് "

 അന്ന് ഞാന്‍ ജീവിതത്തിലാദ്യമായി കണ്‍സഷന്‍ കാര്‍ഡ്‌ എന്നൊരു സാധനം ഉണ്ടെന്നറിഞ്ഞു. ഇനി ഒരു വഴിയെ ഉള്ളു .ഞാന്‍ ബാഗ് തുറന്ന് തപ്പാന്‍ തുടങ്ങി.

  ചപ്പുച്ചവറ് ചണ്ടി പണ്ടാരങ്ങല്‍ക്കിടയിലൊരു പാമ്പ് കേറി കൂടിയേക്കുമോ എന്നു പെടിച്ചൊരു വടി കൂടി കരുതേണ്ടുന്ന പരുവത്തിലുള്ള എന്‍റെ ബാഗിനകത്ത്‌ , ഞാന്‍ മുമ്പ് കേട്ടിട്ടില്ലാത്ത, ഇന്നാദ്യമായി കണ്ട ആ ചെറിയ ചുവന്ന പുസ്തകത്തിനായി തിരഞ്ഞു.

  ഉപ്പാപ്പാന്‍റുപ്പാപ്പ തൊട്ടങ്ങോട്ടുള്ള കുടുംബത്തിലെ മണ്മറഞ്ഞ കാര്‍ന്നോന്മാര്‍ എന്‍റെ കണ്ണിനു മുന്നിലൂടെ ഒരു സ്ലൈഡ് ഷോ ആയി കടന്നു പോയി. ചോദ്യങ്ങള്‍ ഒരുപാടു ചോദ്യങ്ങള്‍ . എല്ലാം എന്നോടു തന്നെ. ആ കുത്തൊഴുക്കില്‍ ഞാനും ഒരു ചോദ്യചിഹ്നമായി. സത്യത്തില്‍ ഈ കണ്സഷന്‍ കാര്‍ഡെന്നു പറഞ്ഞാല്‍ എന്താണു സാധനം.? തിന്നാന്‍ പറ്റുമോ? തെറ്റയുള്ള വല്ല ജീവിയുമാണോ ? അതോ... യാത്രാനുകൂല്യമെന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ കാലങ്ങളായി പേറുന്ന ദുരിതങ്ങള്‍ കുത്തികുറിച്ച ഒരു വേദപുസ്തകമാണോ  ....?


 അങ്ങനെ ഒരു കുന്തം എന്‍റെ ബാഗില്‍ ഇല്ലെന്നുറപ്പായിരുന്നു . എന്നിട്ടും ഞാന്‍ പരതി. ഉറപ്പു വരുത്തി .ഇല്ല .അതെന്‍റടുത്തില്ല ... കണ്ണില്‍ ഇരുട്ടു കയറുന്നതു പോലെ തോന്നി .പതുക്കെ മുഖമുയര്‍ത്തി കണ്ടക്ടറെ നോക്കി. ആ മുഖത്ത് ഞാന്‍ ഒരു ചോദ്യം മാത്രമേ കണ്ടുള്ളൂ ... കണ്സഷന്‍ കാര്‍ഡ്‌ എവിടെ....???

 അങ്ങനൊന്ന് എന്‍റെപക്കലില്ലെന്നു പകല്‍ പോലെ ഉറപ്പുണ്ടയിരുന്നിട്ടും ഞാന്‍ പറഞ്ഞു.
   "എടുക്കാന്‍ മറന്നു ..!!"

 പിന്നെ അവിടുന്നിങ്ങോട്ട് ഇറങ്ങും വരെ കരുണയും വിട്ടുവീഴ്ചയുമില്ലാത്ത വാക്സാമര്‍ത്ഥ്യം, നിയമത്തിന്‍റെ കോട്ടുമിട്ട് , കറുത്ത കൂരമ്പുകളായി എന്‍റെ ചെവിയിലും കണ്ണിലും ഹൃദയത്തിലും വന്നു തറച്ചു. അന്നാദ്യമായി ഞാന്‍ ബസ്സിനെ ശപിച്ചു , റോഡിനെ ശപിച്ചു, വിദ്യാഭ്യാസത്തെ ശപിച്ചു, മേക്കാളൊയെ ശപിച്ചു. ഒടുവില്‍ എന്നെ തന്നെയും.

   മനസ് വെളിച്ചപ്പാടിനെ പോലെ ഉറഞ്ഞു തുള്ളുകയാണ്. പക്ഷെ വാളെടുക്കാന്‍ ശേഷിയില്ല. രണ്ടു രൂപ കൊടുക്കുന്നവനു സീറ്റിലിരിക്കാന്‍ അര്‍ഹത പോര. തിരക്കുള്ള ബസ്സുകളില്‍ ഒരിക്കലും തീരാത്ത കയറലും ഇറങ്ങലും മാത്രം. പിനില്‍ നിന്നു "കേറി നില്‍ക്കു" എന്നു പറയുന്ന ആള്‍ മുന്നില്‍ വന്നു നിന്നു ഇറങ്ങി നില്‍കാന്‍ പറയും. കണ്ടക്ടര്‍മാരുടെ വിചാരം തന്‍റെ ബസ്‌ മൂടില്ലാത്ത കുടമാണെന്നാണ്.

     മറുതെന്തെങ്കിലും പറഞ്ഞാല്‍ വിദ്യാര്‍ഥിയാണെന്നതിനു തെളിവ് കാണിക്കണം. വലിയൊരു ബാഗും കടിച്ചാല്‍ പൊട്ടാത്ത പുസ്തകങ്ങളും ഉണ്ടായാല്‍ മാത്രം പോര. തെളിവും വേണം. ഐഡന്‍റിറ്റി വേണം. ഐഡന്‍റിറ്റി കാര്‍ഡ്‌ വേണം. പിന്നെ എല്ലാം കഴിഞ്ഞാല്‍ പവിത്രമായ കണ്സഷന്‍ കാര്‍ഡും!!!     

20 April, 2014

ഉറുമ്പ്

ഒരിടത്തൊരു പുഴയുണ്ട്. ആ പുഴയും ഇന്ന് വരണ്ടിരിക്കുന്നു ആളുകള്‍ നെടുവീര്‍പിടുന്നു, ആത്മഹത്യക്ക് ഇനി എവിടെ പോകും...... അങ്ങനെ മനസ് നീറി മരിച്ചവരേരെ ഇന്നും മനസ് നീരുന്നവരേരെ. എങ്കിലും പുഴ വരണ്ടിരിക്കുന്നു.

വരണ്ട പുഴയുടെ തീരത്തിരുന്ന്‍ ഒരുരുമ്പ് അതിന്‍റെ കദന കഥ വര്‍ണ്ണിച്ചപ്പോള്‍, ആകാശത്തിന്‍റെ ഹൃദയം തകര്‍ന്നു പോയി..... കണ്ണുനീര്‍ മഴയായി വര്‍ഷിച്ചു ..........

തവളകള്‍ തുള്ളിച്ചാടി
" ഹായ് ഹായ് മഴ . പോക്രോം പോക്രോം .."

"നാശം മഴക്കു വരാന്‍ കണ്ട ഒരു നേരം...."
ഒരു തെരുവു നായ പിറുപിറുത്തു.

ആകാശം ഏങ്ങി ഏങ്ങി കരഞ്ഞു........ മഴ കനത്തു.... ഇടിയും മിന്നലുമായി.... കാറ്റ് ആകാശത്തെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു...... ഒടുവില്‍ ഒരു രാത്രിക്ക് ശേഷം മഴ തോര്‍ന്നു.... ഇടിയും മിന്നലും മടങ്ങിപ്പോയി...

  ആകാശം കണ്ണു തുടച്ചു.

എങ്ങും ഒരു പുത്തനുണര്‍വ്.

പക്ഷേ നമ്മുടെ ഉരുമ്പോ...?? ഇല്ല ആ ഉറുമ്പിനെ മാത്രം കാണാന്നില്ല......

വരണ്ട പുഴയുടെ ചുണ്ടില്‍ ഒരു നീര്‍ച്ചാല് മുളച്ചിരിക്കുന്നു.  ആ... നമ്മുടെ ഉറുമ്പ് ദുഃഖഭാരത്താല്‍ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തിട്ടുണ്ടാവും.... പാവം.. അതോ ഈ മഴയില്‍ ഒളിച്ചു പോയിരിക്കുമോ. ആര്‍ക്കറിയാം.!

(വാല്‍കഷണം :: ഈ കഥ ഞാന്‍ ഒരു അവധിക്കാലത്ത്‌ എഴുതിയതാണ് . കഥാ രചനയിലെ ആദ്യ ശ്രമം. പുസ്തകങ്ങള്‍ മാറിക്കുന്നതിനിടയില്‍ താളുകളില്‍ എങ്ങോ കഥയുടെ ആദ്യ ഖണ്ഡിക ഗമയോടെ കിടക്കുന്നതു കണ്ടു. അതവിടെ വന്നതിന്‍റെ പിന്നിലെ ചരിത്രം തല്‍ക്കാലം അറിയില്ല. താമസിയാതെ ആ പാരഗ്രാഫ് വളര്‍ന്ന് ഈ കാണുന്ന കഥയായി മാറി   :)  )