22 April, 2014

ബോറടിക്കുന്നു

പണ്ട് പണ്ട് വളരെ പണ്ട്‌. കുറെ കാലങ്ങള്‍ക്കു മുമ്പ്. രാജാക്കന്മാര്‍ക്കും നാടുവാഴിത്തത്തിനും മുമ്പ്. രണ്ടാം ലോകമഹായുദ്ധവും ഒന്നാം ലോകമഹായുദ്ധവും അരങ്ങേരുന്നതിന്നും മുമ്പ് . റോമിയോയുടെയും ജൂളിയറ്റിന്‍റെയും കഥകള്‍ക് മുമ്പ്. സ്വര്‍ഗനരകങ്ങള്‍ നിര്‍മിക്കപെടും മുമ്പ്. ഭൂമി ഉണ്ടാവുന്നതിന്‍റെ തൊട്ടു മുമ്പ്.

   മൂന്ന് 'സാധനങ്ങള്‍' കണ്ടുമുട്ടി. അവര്‍ മനുഷ്യര്‍ ആയിരുന്നില്ല. ദൈവങ്ങളും ആയിരുന്നില്ല. പക്ഷെ അവര്‍ക്കു ജീവനുണ്ടായിരുന്നു. കണ്ണില്‍ കരുണയും ഹൃദയത്തില്‍ ക്രൂരതയും ഉണ്ടായിരുന്നു.

 അതിലൊരുവന്‍ പറഞ്ഞു...
"  ഈ അഗാതമായ ശൂന്യത എന്നെ ബോറടിപ്പിക്കുന്നു..... ഞാനൊരു പൊട്ടിത്തെറികുള്ള വട്ടം കൂട്ടുകയാണ്..."

രണ്ടാമന്‍: "അത് വളരെ രസകരമായി തോന്നുന്നു , ഞാന്‍ കുറെ ചലിക്കുന്ന ഗോളങ്ങളും പ്രകാശിക്കുന്ന തീക്കുണ്ഡങ്ങളും ഉണ്ടാക്കാന്‍ ഒരുങ്ങുകയാണ്..."

  മൂന്നാമന്‍ വളരെ കാര്യമായി ചിന്തിച്ചു കൊണ്ടിരിക്കെ , ഇരുവരും ചോദിച്ചു.
"നേതാവേ ഞങ്ങളെക്കാള്‍ ബുദ്ധിയുള്ളത് അങ്ങേക്കാണല്ലോ..... എന്താണ് ചിന്തിക്കുന്നത്..?"

  "ഞാന്‍ നിങ്ങളുടെ നീക്കങ്ങള്‍ അവലോകനം ചെയ്യുകയായിരുന്നു നമ്മള്‍ ഈ ഇരുട്ടിന്‍റെ, ശൂന്യതയുടെ അരികു ചേര്‍ന്ന് നിന്നാല്‍ കാര്യങ്ങള്‍ 'ബോറടി' തന്നെ.

 അദ്ദേഹം ഒന്നാമാനോടായി പറഞ്ഞു "നിന്‍റെ തീരുമാനം നീ നടപ്പിലാക്കൂ .. നിന്‍റെ സ്ഫോടനത്തിനു ഈ ഇരുട്ടിനെ വെളിച്ചമാക്കാന്‍ സാധിക്കുമെങ്കില്‍...."

 പിന്നീട് രണ്ടാമനോടായി പറഞ്ഞു "ചലിക്കുന്ന ഗോളങ്ങളും പ്രകാശിക്കുന്ന തീക്കുണ്ഡങ്ങളും വളരെ നല്ല ആശയം തന്നെ...പക്ഷെ ഇത്ര മാത്രം മതിയോ "

 ഇരുവരോടുമായി:"ഇവയെല്ലാം നൈമിഷികങ്ങളായ കണ്ണുമൂടല്‍ മാത്രമാണ്. ഒരു പൊട്ടിത്തെറിയും കുറച്ചു കൊത്തുപണിയും കഴിഞ്ഞാല്‍..... പിന്നെയും ആ വിറങ്ങലിച്ച സത്യം തിരിച്ചുവരും . ഒരായിരം തവണ തല്ലി ഓടിച്ചാലും മടങ്ങിവരത്തക്കതായ ഒന്നാണത്‌.'ബോറടി'. അതുകൊണ്ട് നമുക്കെന്തെങ്കിലും പുതിയതു കണ്ടുപിടിക്കണം.

  അവര്‍ മൂവരും വര്‍ഷങ്ങളോളം മൌനം പാലിച്ചിരുന്നു. മൂവരും ചിന്തിച്ചു ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം... ഓരോരുത്തരും ഓരോ തീരുമാനങ്ങളിലെത്തി. പിന്നീട് അവര്‍ തമ്മില്‍ സംസാരിച്ചില്ല. ഒന്നാമന്‍ തന്‍റെ കഴിവുകള്‍ മുഴുവനും ഉപയോഗിച്ച് ഒരു തീപെട്ടിയുണ്ടാക്കി;കത്തിച്ചു . ഭൂം .!!! വലിയൊരു സ്ഫോടനം...

 ഉടന്‍ തന്നെ രണ്ടാമന്‍ കളിമണ്ണും സിമന്‍റും വാര്‍ക്ക കമ്പിയുമുപയോഗിച്ച് ഗോളങ്ങളുടെ പണി തുടങ്ങി...

  ഇനി മൂന്നാമന്‍റെ ഊഴമാണ്. അവന്‍ ആലോചിച്ചു. ഈ രണ്ടു മണ്ടന്മാരെക്കാളും വ്യത്യസ്തമായി എന്തെങ്കിലും ഉണ്ടാക്കണം. എന്താണ് ഉണ്ടാകേണ്ടത് ?? അയാള്‍ ഗൂഗിളില്‍ തിരഞ്ഞു നോക്കി.. പുതുമയുള്ളതൊന്നും കാണാനില്ല> പെട്ടെന്ന് അത് വഴി കടന്നു പോകാനിടയായ സാത്താന്‍ അവന്റെ ഹൃദയത്തിലെ കറുപ്പ് കണ്ടു. സാത്താന്‍ അവനോടു പറഞ്ഞു;

  "നീ മനുഷ്യരെ ഉണ്ടാക്ക്. നിന്‍റെ കുറേകാലമായുള്ള ചിന്തയും പ്ലാന്നിങ്ങുകളും എനിക്ക് മനസിലാക്കാന്‍ സാധിക്കും. ഞാന്‍ അവരെ ഗോത്രങ്ങലായും വംശങ്ങളായും തിരിക്കാം. മതങ്ങളായും ദേശങ്ങളായും വര്‍ണ്ണങ്ങളായും വ്യത്യസ്തപെടുത്താം....
എന്നിട്ടവരെ തമ്മിലടിപ്പിക്കാം... മനക്കരുത്തും വാളും കൊടുത്തു രക്തം ചിന്തിക്കാം.

       ഞാനിതു ചെയ്യുമ്പോള്‍ നീ എന്നെ തടയാന്‍ ശ്രമിക്കണം. അതായതു നമുക്ക്‌ നല്ലൊരു ചെസ്സ് കളി തുടങ്ങാം... അവര്‍ രണ്ടുപേരും ഇരുപതു വെള്ളികാഷിനു ബെറ്റ് വെക്കട്ടെ. ആര് ജയിക്കുമെന്ന് നോക്കാം........"

  ആ തീരുമാനം മൂന്നാമന്‍ രണ്ടാമതൊന്നാലോചിക്കാതെ നടപ്പില്‍ വരുത്തി . അങ്ങനെ സ്വര്‍ഗ്ഗവും നരകവും ഉണ്ടായി, ഭൂമിയുണ്ടായി, മനുഷ്യരുണ്ടായി.., സാഹിത്യമുണ്ടായി., ഷൈക്സ്പിയറുണ്ടായി., റോമിയോയും ജൂലിയറ്റുമുണ്ടായി, ഒന്നും രണ്ടും ലോക മഹായുദ്ധങ്ങലുണ്ടായി. കൊളനിവല്‍കരണത്തിന് പിന്നോടിയായി ആഗോളവല്‍ക്കരണവും, സുനാമിയും, ആഗോളമാന്ദ്യവും ഉണ്ടായി.

    അവരിരുവരും കളി തുടര്‍ന്നു. തന്ത്രപരമായ നീക്കങ്ങളിലൂടെ സാത്താന്‍ ഒരു പിടി മുന്നിട്ടു നിന്നു. പക്ഷെ മൂന്നാമന്‍ ഒരു ചെക്ക്മേറ്റിനുള്ള സ്ട്രാറ്റെജി മെനയുകയാണ്. മറ്റെല്ലാത്തിനെ പറ്റിയും അവര്‍ മറന്നു. കളി തകര്‍ത്താടി. മറ്റു രണ്ടുപേരും ഇരുപത് വെള്ളിക്കാഷ് ബെറ്റ്‌ വച്ച് കാത്തിരുന്നു ആരു ജയിക്കും ...???



( വാല്‍കഷണം:
" എന്തിനിങ്ങനെ പകലന്തിയാവുന്നു നിത്യം
  മുഷിയുന്നില്ലേ നിങ്ങള്ക്കെന്നു
  ഞാന്‍ ചോദിക്കുമ്പോള്‍
  മുഷിയുന്നത് നിങ്ങള്‍ക്കാണ്
  നങ്ങല്‍ക്കല്ലെന്നു മറുപടി "
           - അയ്യപ്പ പണിക്കര്‍ )         

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങളാണ് എന്‍റെ ആവേശം ..,