03 July, 2014

എന്‍റെ ഒരു നിയമ-പിരീഡ്

ഒരു തണുത്ത കാറ്റ് വീശുന്നുണ്ട്.നല്ല തണുപ്പും. വല്ലാത്ത ഒരു നിശബ്ദത. ആര്‍ക്കും ഒന്നും പറയാനില്ല. പറയാന്‍ തക്കതായ ഒന്നും എന്‍റെ മനസിലും വരുന്നില്ല.ഇന്ന് കെട്ടിയൊരുങ്ങി പുറപ്പെട്ടത്‌ മണ്ടത്തരമായിപ്പോയി. ഇന്നിനി രണ്ടു പിരീഡ് നിയമപഠനമാണ്. നിയമം. ഉറക്കം വരാന്‍ മറ്റൊന്നും വേണ്ട!! കണ്ണടഞ്ഞു തുടങ്ങുകയാണ് എന്ന് തോന്നിയപ്പോള്‍ ഞാന്‍ ഒന്ന് എനീട്ടുനിന്നു. സാറ് കണ്ടിട്ടില്ല. മൂപ്പര്‍ നിയമം തകര്‍ക്കുകയാണ്. ഞാന്‍ ഇരുന്നു. എന്തിനെയെങ്കിലും പറ്റി ചിന്തിച്ചിരിക്കാം , അതല്ലേല്‍ ഉറക്കം വരും.

കുറേശെയായി സംസാരങ്ങള്‍ കേട്ടുതുടങ്ങിയിരിക്കുന്നു. എല്ലാവര്‍ക്കും ബോറടിച്ചു തുടങ്ങിയെന്നു സ്പഷ്ടം. എനിക്ക് പക്ഷെ ദേഷ്യമാണ് വന്നത്. ഇത് മൂപ്പരുടെ പിരീഡോന്നുമല്ല. ഒരു ഗ്യാപ്പ് കണ്ടപ്പോ കേറിപ്പോന്നതാ. ശരിക്ക് അക്കൌണ്ടന്‍സി പിരീഡാണ്. ജേര്‍ണലും ലെഡ്ജരും ബാലന്‍സ് ഷീറ്റും വരച്ചിരിക്കുമ്പോള്‍ ബോറടിക്കില്ല. നിയമം അങ്ങനയല്ല. ഇത് ഒരുമാതിരി അവാര്‍ഡ്‌ പടം പോലെ നീങ്ങി നിരങ്ങി അങ്ങന പതുക്കെ പതുക്കെ..


   ഞാന്‍ പുറത്തേക്കു നോക്കി. ഈ വലിയ ക്ലാസ്സിലേക്ക് എത്തിച്ചേരാനുള്ള കോണിയാണ് ജനലിനപ്പുരത്ത്. ചുമരില്‍ ചില ക്ലബ്കളുടെ പോസ്ടരുകളും മറ്റും ഒട്ടിച്ചിട്ടുണ്ട്. കോരിച്ചൊരിഞ്ഞ മഴക്കുശേഷം ഇടയ്ക്കിടെ ഉറ്റുന്ന വെള്ളത്തുള്ളികള്‍ പോലെ ഇടയ്ക്കിടെ ചില പിള്ളേര്‍ സ്റ്റെപ്പുകള്‍ ഇറങ്ങുകയും മറ്റു ചിലര്‍ കയറുകയും ചെയ്യുന്നുണ്ട്. അവര്‍ പല തരത്തിലും കോലത്തിലും ഉണ്ട് . ഉയരം കൂടിയ തോട്ടികള്‍, തടിയന്മാര്‍, സുന്ദരികള്‍ സുന്ദരന്മാര്‍ അങ്ങനെ പലജാതി പിള്ളേര്‍....

കോണിയോടു ചേര്‍ന്ന് പുറത്തുള്ളത് ഒന്നാം കൊല്ലക്കാരുടെ ക്ലാസ്സാണ്. നവാഗതരല്ലേ വെറുതെ വിട്ടു കളയാം..., അവിടെയും വലിയ വ്യത്യാസമൊന്നും തോന്നുന്നില്ല. മഹാനോരുവാന്‍ ചുമരും ചാരി ഉറക്കം വരെ തുടങ്ങിയിട്ടുണ്ട്.






ഇവിടെ നിയമം വില്‍ക്കല്‍ വാങ്ങലുകളുടെ അനന്തവശങ്ങളെ പറ്റി ചര്‍ച്ചയാണ്.  തണുപ്പും കാലാവസ്ഥയും പിന്നെ നിയമത്തിന്‍റെ വിരസതയും കൂടി ആയപ്പോ എനിക്കും ഉറക്കം വന്നു തുടങ്ങി.... ഉറങ്ങരുത് ഞാന്‍ എന്നോട് ഉപദേശിച്ചുകൊണ്ടിരുന്നു. എവട.. ഇതല്ല ഇതിന്‍റപ്പറം സംഭവിച്ചിട്ടു മൈന്‍റു ചെയ്തിട്ടില്ല പിന്നെയാ...! ഏറി വന്നാല്‍ മൂന്ന്‍ മിനിറ്റ്, ഞാന്‍ കൂര്‍ക്കംവലി തുടങ്ങി.. (ആ നിശബ്ദതയില്‍ എന്‍റെ കൂര്‍ക്കം വലി വേറിട്ട്‌ നിന്നെന്നു പിന്നീടൊരുവാന്‍ പ്രശംസിക്കുകയുണ്ടായി.)

പുറത്തൊരടിവീണപ്പോഴാണ് ബോധം തെളിഞ്ഞത്... ആ ക്ലാസ്സിലെ എല്ലാ നേത്രങ്ങളും എന്നെ ഉറ്റു നോക്കുന്നു... പിന്നെ ഒരു കൂട്ടച്ചിരി.... അതില്‍ പിന്നെ മൂന്നാല് ദിവസത്തേക്ക് ഞാന്‍ ലീവായിരുന്നു.. ഫയങ്കര പനിയും മേലുവേദനയും.. (സത്യം നമുക്കല്ലേ അറിയൂ ഛെ! നാണക്കേട്). അതില്‍പ്പിന്നെ ഒരു പിരീഡും ഉറക്കം തൂങ്ങാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു പോന്നു..!!!

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങളാണ് എന്‍റെ ആവേശം ..,